05 ജൂലൈ 2026
ഇത് ഒരു ചെറിയ പന്തിന്റെ പിന്നാലെ ലോകം പോകുന്ന മാസമാണ്. കഴിഞ്ഞ മാസം തുടങ്ങിയ ഫിഫ വേൾഡ് കപ്പ് ഈ മാസത്തോടെ കാല്പന്തുകളിയിലെ രാജാവിനെയും രാജ്യത്തെയും തിരഞ്ഞെടുക്കും.
കേപ്പ് വെർദ എന്നൊരു കുഞ്ഞൻ രാജ്യം, അർജന്റീന എന്ന പന്ത് കളി രാജാക്കന്മാരെ വിറപ്പിച്ചത് ഇന്നലെയാണ്. വോസിഞ്ഞ (Vozinha) എന്ന അവരുടെ 40 വയസ്സുകാരൻ ഗോളി ഒരു ഹീറോ ആയി. അർജന്റീന ഈ knock out കളിയിൽ ജയിച്ചു എങ്കിലും ആളുകൾ സംസാരിച്ചത് കേപ്പ് വെർദയെ കുറിച്ചാണ്. ജയം എന്നത് ഒരു പോരാട്ടമാണ്. അതിൽ എക്സ്പീരിയൻസ് ഒക്കെ ചിലപ്പോൾ ഒന്നും അല്ലാതാകും. വിജയത്തിന്റെ, പ്രതീക്ഷയുടെ, ഭാരമില്ലാതെ പോരാടുന്ന ഒരു ടീമിന് നേടാൻ ഒരു വലിയ സ്വപ്‍നം ഉണ്ടെന്നു ഉള്ളിൽ ജ്വലിച്ചു നിൽക്കുന്ന ഒരു ടീമിന് എന്ത് എത്തിപിടിക്കാനാകുമെന്ന് അവർ കാണിച്ചു തന്നു.
19 ജൂലൈ 2026
ഇന്ന് രാത്രി ലോകകപ്പ് ഫുട്ബോൾ ഫൈനൽ ആണ്. അർജന്റീന എന്ന മുൻ ലോക ചാമ്പ്യന്മാരും സ്പെയിനും ഏറ്റുമുട്ടുന്നു. രാത്രി കളിയുള്ള കാരണം നാളെ സ്കൂളുകൾക്ക് ഗവണ്മെന്റ് അവധി പ്രഖ്യാപിച്ചു. ഇതിനെ ഒരു "പൂക്കിസം" എന്നോ അല്ലെങ്കിൽ ഒരു 'രാഷ്ട്രീയ അഭ്യാസം' എന്നോ ഒക്കെ വിളിക്കാമെങ്കിലും കുട്ടികൾക്ക് അതൊരു പുതുമയുള്ള കാര്യമായി. കൂടാതെ കായിക ഇനങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കാനും ബോധവാന്മാരാക്കാനും അതുവഴി ആരോഗ്യകരമായ ഒരു കേരളം കെട്ടിപ്പടുക്കാനും അത് ഉപകരിക്കുകയും ചെയ്യും എന്നു കൂടി പ്രതീക്ഷിക്കാം.
ലോകകപ്പിൽ ഇന്ത്യ പങ്കെടുക്കുന്ന ഒരു ദിനവും അതിൽ കേരളത്തിൽ നിന്നുള്ള കളിക്കാർ ഉള്ളതും നമുക്ക് ഇന്ന് സ്വപ്നമാണെങ്കിലും അതും സാധ്യമാകുന്ന ഒരു ദിനം വന്നെത്തും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം പരിശീലനം നൽകിയാൽ ഒരുപാട് കുട്ടികളെ നമുക്ക് നാളത്തെ നല്ല കായികതാരങ്ങളാക്കി സംഭാവന ചെയ്യാൻ കഴിയും എന്നതിന്റെ തെളിവാണ് ചെസ്സിൽ പ്രഗ്‌നാനന്ദ, അവരുടെ ചേച്ചി വൈശാലി എന്നിവർ.
ഫുട്ബോൾ പോലുള്ള കായികഇനങ്ങൾക്ക് വേണ്ട പരിശീലന സൗകര്യങ്ങൾ (ഗ്രൗണ്ട്) കളിക്കാനുള്ള ബൂട്ട്, പന്ത് ,മറ്റ് പരിശീലനോപാധികൾ എന്നിവ ചെലവേറിയതാണ് എന്നത് ഇവയിൽ ലോകോത്തര നിലവാരത്തിലുള്ള കായികതാരങ്ങൾ വളർന്നുവരാത്തതിന്റെ ഒരു പ്രധാന കാരണമാണ്. ഒരു കംപ്യൂട്ടറിന്റെ മുൻപിൽ ഇരുന്ന് ഒരു വിദേശ പരിശീലകന്റെ സഹായത്തോടെ നേടാവുന്ന ചെസ്സ് പരിശീലനം പോലെ അല്ലല്ലോ മറ്റ് കായിക ഇനങ്ങൾ.
ആരോഗ്യകരമായ ഒരു കേരളം എന്ന ആശയത്തെ ഉയർത്തിപ്പിടിച്ചു നമുക്ക് മുന്നേറാം.
Comments
Post a Comment