#32 - ചക്ക വിശേഷം

ചക്ക വിശേഷം 

"ഇമ്മടെ ചക്കേനെക്കുറിച്ച് ഇങ്ങക്ക് എന്തറിയാം ? കാണണപോലെഒന്ന്വല്ല, അത് ഒരു സംഭവാ ... "

മടാൾ എടുത്ത് ആഞ്ഞൊരു വെട്ട്. ചക്ക രണ്ടായി. പഴുത്തിട്ടുണ്ട്. മുറിച്ച്‌ കഷ്ണങ്ങളാക്കി വച്ചു.

"ചക്ക എന്തിനാ അച്ഛാ ഇങ്ങനെയൊക്കെ മുറിക്കുന്നത്? കത്തിയെടുത്തു മുറിച്ചാൽ പോരെ?" മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മൂത്ത മകളുടെ സംശയം.



വെക്കേഷൻ സമയമായതുകൊണ്ട് എല്ലാത്തിനും വാലായി അവളുണ്ടാകും. ടി വി വച്ചിട്ടില്ലെങ്കിൽ, ഉണ്ടെങ്കിൽ അതിൻ്റെ മുൻപിൽ തന്നെ.

"ചക്ക മുറിക്കാൻ ഇങ്ങനെയാണ് എളുപ്പം. അതുകൊണ്ടാണ്. പേനിനെക്കൊല്ലുന്നത് നഖം കൊണ്ടാണ്, കൂടംകൊണ്ടല്ല എന്ന് കേട്ടിട്ടില്ലേ?"

"ഞാനും ചക്ക നേരെയാക്കാൻ ഉണ്ട്." മകൾ കത്തിയെടുക്കാൻ പോകുന്ന പോക്കിൽ പ്രഖ്യാപിച്ചു 

"ചക്കയെ നേരേയാക്കണ്ട, ചൊള പറിച്ചാൽ മതി."

"അച്ചൻ്റെ കളിയാക്കൽ തുടങ്ങണ്ട, എനിക്ക് ഇതൊന്നും ആരും പറഞ്ഞുതന്നിട്ടില്ലല്ലോ ?"

"എന്നാ, ഒരു കാര്യം ചെയ്യ്‌, മുളഞ്ഞു കോലും, ചുള പറിച്ചിടാനുള്ള ഒരു പാത്രോം എടുത്തിട്ട് വാ  ."

"അമ്മേ, മുളഞ്ഞ് കൊലെവിടെയാ? അത്  ഒന്ന് എടുത്തു തരോ ?"

അമ്മേകൊണ്ട് മുളഞ്ഞ് കോൽ എടുപ്പിച്ചാൽ അവൾക്ക് തിരഞ്ഞു ബുദ്ധിമുട്ടണ്ടല്ലോ.

ചക്കയെ വിഹഗ വീക്ഷണം നടത്തി അവൾ  എന്നെ ഒന്ന് നോക്കി.

"അമ്മയല്ലേ എടുത്തു വച്ചിട്ടുണ്ടാവുക, ഞാൻ തിരഞ്ഞാൽ വേഗം കിട്ടില്ല അതോണ്ടാ." ഞാൻ ചോദിക്കാതെ തന്നെ അവളുടെ മറുപടി വന്നു. എനിക്ക് ചിരിയാണ് വന്നത് എന്നാലും ഗൗരവം വിടാതെ ഇരുന്നു.

"എന്താ, അച്ഛാ ഈ മുളഞ്ഞ്?"

"ചക്ക വെട്ടിയപ്പോളുള്ള ആ വെളുത്ത പശ ഇല്ലേ അതാണ് മുളഞ്ഞ്." 

"അതെന്തിനാ അച്ഛാ ഈ കോലുമ്പിൽ പന്ത് പോലെ ആക്കി വെക്കണത്?" 'അമ്മ കൊടുത്ത മുളഞ്ഞ് കോൽ നോക്കി അവളുടെ ചോദ്യോത്തര പരമ്പര ആരംഭിച്ചു.

"അതോ, കാടുമാങ്ങയൊക്കെ ഭരണിയിൽ ഇടുമ്പോൾ അതിൻ്റെ വക്കൊക്കെ കാറ്റുകൊള്ളാതെ അടക്കുന്ന നാച്ചുറൽ പശ. അതടക്കാനാണ് ഇത് കോലുമ്പിൽ ചുറ്റി എടുത്തു വെക്കുന്നത് ."

"അപ്പൊ, ഇതോണ്ട് പുസ്‌തകത്തിൽ ചിത്രങ്ങളൊക്കെ ഒട്ടിക്കാൻ പറ്റുമോ ?"

"തത്കാലം, നീ മേടിച്ച പശകൊണ്ട് ചിത്രങ്ങൾ ഒട്ടിച്ചാ മതി." ഞാൻ സ്വരം കടുപ്പിച്ചു. സ്വരം കടുപ്പിക്കുന്നത്‌ ഒരു രക്ഷപ്പെടലാണ് . പിന്നെ ചോദ്യങ്ങൾ ഉണ്ടാവില്ല.

"ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തും", അവളുടെ ആത്മഗതം കുറച്ഛ് ഉറക്കെയായിരുന്നതുകൊണ്ട് ഞാൻ കേട്ടു

"എന്താ?"

"ഏയ്  ഒന്നൂല്യെ ഒന്നൂല്യ ." തോള് കുലുക്കി അവളുടെ നീരസം നിറഞ്ഞ മറുപടി പുറത്തു വന്നു.

"ദാ, ഈ എണ്ണ കൈയിലും കത്തിയിലും ഒക്കെ പുരട്ട്."

"അതെന്തിനാ?"

"മുളഞ്ഞ്, കയ്യിലും കത്തിയിലും ഒട്ടില്ല."

"ഓ" ഗഹനമായി എന്തോ ആലോചിച്ച് അവൾ  തലയാട്ടി. 

"അച്ഛാ, ഈ ചക്ക നമ്മള് കഴിക്കാറുളള പോലെ എങ്ങനാ കിട്ടാ?"

"അതിൻ്റെ മൂക്ക് ചെത്തിത്തരാം, അപ്പൊ ചൊള പറിക്കാം."

"മൂക്ക് ചെത്തേ... അതെന്താ? അവൾ പൊട്ടിചിരിച്ചോണ്ട് ചോദിച്ചു.

"ചക്കേടെ നടുഭാഗത്തെ ആ വെളുത്ത സോഫ്റ്റ് ആയ ഭാഗം ഇല്ലേ, ചക്കച്ചൊളേടെ മുകളിലുള്ള ഭാഗം, അതിനെയാണ് മൂക്ക് എന്ന് പറയാ. അതങ്ങട് കളഞ്ഞാൽ ചൊള വേഗം പറിക്കാം."

"അച്ഛൻ മൂക്ക് ചെത്തി ഉപ്പിലിടോ?" അവൾക്ക് മൂക്കെന്ന് പറഞ്ഞത് നല്ല രസിച്ച മട്ടാണ്.

 "പോടീ"

മൂക്കെന്ന് ആരാ അച്ചാ പേരിട്ടത്ത് ? , പണ്ടുള്ള ആരെങ്കിലും ആവും, ല്ലേ ?

"ഉം .." ചോദ്യോo ഉത്തരോം അവളെന്നെ പറഞ്ഞത് നന്നായി ഇല്ലെങ്കിൽ പെട്ട് പോയേനെ.

ഞാൻ മൂക്ക് ചെത്തി കൊടുത്തു

"അച്ഛാ, ഇത് വലിച്ചാൽ പോരാണില്യ "

"ആ, ചകിണി മാറ്റീട്ട് വലിക്ക് അപ്പൊ പോരും."

"ഈ, നൂല് പോലെ ചക്കേനെ പൊതിഞ്ഞിരിക്കുന്ന സാധനാണോ ചകിണി?" 

"ചക്കേനെ അല്ലെ, ചക്ക ചൊളേനെ..."

"ഓക്കേ...,  ചക്ക ചൊളേനെ...ഓഹോ... നമ്മൾ കഴിക്കണ സാധനം ചക്കച്ചുള  ...ഒ..കെ..."  കാർട്ടൂണിൽ രാക്ഷസന്മാർ മരം പിഴുതെടുക്കുന്നു ഒരു മുഖഭാവത്തോടെ അവൾ ഒരു ചുള പറിച്ചെടുത്തു.

"ഇനി അതിൻ്റെ ഉള്ളിലെ കുരു കളയ്"

"സോഫ്റ്റ്, സോഫ്റ്റ് കുരു, അല്ലെ അച്ചാ "

"സോഫ്റ്റ് കുരു ഒന്നും അല്ല, ആ പുറത്തുള്ള പാട കളയ് ."

"ഓഹോ, സോഫ്റ്റ് കവർ... ഇതാണല്ലേ പാട?" പാട മാറ്റി അവൾ ചക്കക്കുരു പുറത്തെടുത്തു.

"കുരു വേറെ ഒരു പാത്രത്തിൽ ഇട്ടു വക്ക്.കുരു എടുത്തുവച്ചാൽ ഒരു ദിവസം ഉപ്പേരി ഉണ്ടാകാം."

കുരു മാറ്റി, ചൊള അവൾ അകത്താക്കി പാത്രം എടുക്കാൻ പോയി. പിന്നെ അധികം ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല. പാത്രത്തിൽ പോയതിനേക്കാൾ അധികം എൻ്റെയും അവളുടേയും വയറ്റിൽ ആയിട്ടുണ്ടാവും എന്തായാലും ചുള പറിക്കൽ അവസാനിച്ചു 

"ദാ, ഒന്നിച്ച് കഴിക്കണ്ട, വയറ് വേദനിക്കും കേക്കണുണ്ടോ?"

"ഉവ്വ്‌മ്മേ , ഞാൻ കൊറച്ചേ കഴിച്ചുള്ളൂ"

അപ്പൊ ഞാനാണോ അധികം കഴിച്ചത് ഞാൻ നോക്കിയപ്പോൾ വായിൽ ചക്കചുള ചവച്ചു കൊണ്ട് അവൾ കണ്ണിറുക്കി കാണിച്ചു

"അമ്പടി കേമീ..."

"അച്ചാ, ഈ മുള്ളുള്ള ചക്കത്തൊലി എന്താ ചെയ്യാ?"

"ചക്ക തൊലിയല്ല ചക്ക മടല്"

"ചക്ക മടല്... എന്താ ചെയ്യാ?" അവൾ ഒരു ചക്ക മടൽലെടുത്ത് തിരിച്ചും മറച്ചും നോക്കുകയായിരുന്നു.

"ചെറുതായി കൊത്തി പശൂൻ്റെ കഞ്ഞീല് ഇട്ടാ മതി"

"അതെന്താ, ഇങ്ങനെത്തന്നെ ഇട്ടാൽ അതിന് തിന്നാൻ പറ്റില്ലേ?"

"ഇല്ല"

എന്തുകൊണ്ടാണാവോ, പിന്നെ ചോദ്യങ്ങളൊന്നും ഉണ്ടായില്ല. അവിടൊക്കെ വൃത്തിയാക്കാൻ അവളും സഹായിച്ചു. സാധാരണ പതിവില്ലാത്തതാണ്.

"ചക്ക ചുള അമ്മക്ക് കൊടുക്ക്"

"അച്ചൻ്റെo മകൾടേം ചക്കപ്പണി  തീർന്നില്ലേ ?"

അമ്മേടെ അടുത്ത് പാത്രം കൊണ്ടു വച്ച ശബ്ദം കേട്ടു.

"ചക്ക പണീം കഴിഞ്ഞു, ചക്ക ക്ലാസ്സും കഴിഞ്ഞു" അവളുടെ ഉത്തരത്തിൽ ഒരു പുച്ഛമില്ലേ എന്നെനിക്ക്‌ തോന്നി.

"ചക്ക ക്ലാസ്സിൽ എന്തൊക്കെ പഠിച്ചു?"

"ചുള , മടല്, ചകിണി, പാട, പിന്നേയ്...  അമ്മേ, അമ്മക്ക് ചക്കേടെ മൂക്ക് എവിടെയാണെന്ന് അറിയോ?"

"ഇല്ല"

"ആ, അച്ഛൻ അത് കണ്ടുപിടിച്ചിട്ടുണ്ട് പോയി കണ്ടോളു"

"ഓഹോ, ചക്കേടെ മൂക്ക് കണ്ടുപിടിച്ചതിന് അച്ചൻ്റെ പേര് പേപ്പറിൽ കൊടുക്കണ്ടിവരോ ..."

അവൾടേം അമ്മേടേം പൊട്ടിച്ചിരിയാണ് പിന്നെ കേട്ടത്.

*******

ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...

ഇവിടെ ഞക്കുക

*******

Comments

Post a Comment