രാമായണം - ചില കോർപ്പറേറ്റ് പാഠങ്ങൾ:
1. ഔദ്യോഗിക കാര്യങ്ങളിൽ ഒരിക്കലും ഭാര്യയുടേയോ/ഭർത്താവിന്റെയോ സഹായം തേടാതിരിക്കുക. അല്ലെങ്കിൽ ദശരഥനെ കൈകേയി യുദ്ധത്തിൽ സഹായിച്ചതിനു പകരം നൽകിയതു പോലെ പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നേക്കാം.
2. ഒരു വരം(ഓഫർ) കൊടുക്കുമ്പോൾ/എഗ്രിമെന്റ് സൈൻ ചെയ്യുമ്പോൾ വാലിഡിറ്റി കൃത്യമായി സൂചിപ്പിക്കുക. "എപ്പോഴെങ്കിലും ആവശ്യം വരുമ്പോൾ ചോദിച്ചോളൂ" എന്ന് പറഞ്ഞാൽ ദശരഥന് സംഭവിച്ചത് പോലെ ചില പ്രശ്നങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.
3. കൈകേയിയെ പോലെ ടോപ് മാനേജ്‌മെന്റിൽ പിടിപാടുള്ളവർ വിചാരിച്ചാൽ, നൂറു കണക്കിന് വർഷങ്ങൾ പാരമ്പര്യമുള്ള രഘുവംശം പോലെയുള്ള കമ്പനികളുടെ പോലും ആചാരങ്ങൾ(പോളിസികൾ) ഒറ്റ രാത്രി കൊണ്ട് മാറ്റി മറിക്കുവാൻ കഴിയും. കരുതിയിരിക്കുക.
4. സാഹസികമായ സ്ഥലത്തേക്ക് ഔദ്യോഗികാവശ്യത്തിന് യാത്ര ചെയ്യുമ്പോൾ കഴിയുന്നത്ര ഫാമിലിയെ കൊണ്ടു പോകുന്നത് ഒഴിവാക്കി തനിച്ചു പോകാൻ ശ്രമിക്കുക. രാമന് സംഭവിച്ചത് ഒരു പാഠമാണ്.
5. സ്വർണ മാനുകളെ കാണുമ്പോൾ പ്രലോഭനങ്ങൾ തോന്നുന്നത് സ്വാഭാവികം. ആ നേരത്ത് നടപടി ക്രമങ്ങൾ മുറുകെ പിടിച്ച് പ്രലോഭനങ്ങൾ കടിച്ചമർത്തുക, അല്ലെങ്കിൽ അശോകവനിയിൽ ചിന്താവിഷ്ടയായി 'ഡിപ്രഷൻ' അടിച്ചു ഭാവിയിൽ ഇരിക്കേണ്ടി വരും.
6. ലക്ഷ്മണ രേഖ നിർമ്മിക്കുമ്പോൾ പുറത്തു നിന്നും ആർക്കും അകത്തേക്ക് കയറാൻ പറ്റാത്തതു പോലെ അകത്തു നിന്ന് ആരും പുറത്തേക്ക് പോകാനും പാടില്ല എന്നുള്ള കാര്യം ശ്രദ്ധിക്കുക. ആ ഭാഗം വാക്കാൽ പറയാതെ technologically implement ചെയ്യാൻ ശ്രദ്ധിക്കുക, അല്ലെങ്കിൽ അതൊരു security breach ആയി മാറുകയും ഹാക്കേഴ്‌സ് അത് സമീപ ഭാവിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്യും.
7. ദൂതനായി ക്ലയന്റ് സൈറ്റിൽ ചെന്നിട്ട് 'ആക്ഷൻ' കാണിച്ചു സീതയെ രക്ഷിക്കാം എന്നു കരുതിയാൽ, സീത "എന്റെ രാമേട്ടൻ അല്ലാതെ വേറെ ആരും എന്നെ രക്ഷിക്കേണ്ട" എന്നു പറയാൻ സാധ്യതയുണ്ട്. അതു കൊണ്ട് അവനവനെ ഏൽപ്പിച്ച പണി മാത്രം ചെയ്താൽ മാനഹാനി ഒഴിവാക്കാം.
8. കഠിനാധ്വാനിയായ തൊഴിലാളിയ്ക്ക് എന്നും ഹനുമാന്റെ വിധിയാണ്. ബോസ് അയാളെ കടൽ ചാടിക്കടക്കാനും, ദൂതിനും, ലങ്കാദഹനത്തിനും എന്തിന് മല ചുമക്കാൻ വരെ ഉപയോഗിക്കും. എന്നാലോ ഒടുവിൽ ആത്മാർത്ഥത തെളിയിക്കാൻ അവർ ചങ്ക് പിളർന്നു കാണിക്കേണ്ടിയും വരും. അതിനാൽ ഒരു മീഡിയം ലെവലിൽ ഉള്ള സേവകൻ ആകുന്നതാണ് ബുദ്ധിപരം. സുരക്ഷിതവും.
9. എത്ര പാലും തേനും കൊടുത്തു സ്നേഹിച്ചാലും നിങ്ങളുടെ ജോലി സ്ഥലത്ത് നിങ്ങളുടെ സ്ഥാനം കൊതിക്കുന്ന ഒരു വിഭീഷണൻ ഉണ്ടായിരിക്കും. ഒരവസരം കിട്ടുമ്പോൾ അഭിനവ രാമൻമാരുമായി ചേർന്ന് അയാൾ നിങ്ങൾക്ക് പണി തരും.
10. ജോലിയിൽ നിന്ന് രാജി വെക്കുമ്പോൾ കമ്പനിയിൽ പിടിച്ചു നിർത്താനും, നിങ്ങളുടെ വേർപാടിൽ ദുഃഖം പ്രകടിപ്പിക്കുവാനും ഒരുപാട് പേർ കാണും. എന്ന് കരുതി ഇത്തിരി നാൾ കഴിഞ്ഞു അവിടെ തിരികെ ജോലിയിൽ കയറാം എന്ന് കരുതിയാൽ സീത അയോധ്യയിൽ നേരിട്ടത് പോലെ കടുത്ത അഗ്നിപരീക്ഷ നേരിടേണ്ടി വരും. ജാഗ്രത.
WhatsApp വഴി ലഭിച്ചതാണ്. എഴുതിയത് ആരാണെന്ന് അറിയില്ല.
*******
ഈ ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...
*******
WhatsApp വഴി ലഭിച്ചതാണ്. എഴുതിയത് ആരാണെന്ന് അറിയില്ല.
If any content here violates any rules or regulations in India, it will be promptly removed. For such concerns, please communicate them to 13hareesh13@gmail.com.
Comments
Post a Comment