ഗോൾ, ടാർഗറ്റ് എന്നൊക്കെ നമ്മുടെ ജീവിതത്തിന്റെ വാക്കുകളായി കഴിഞ്ഞിരിക്കുന്നു. ഏകദേശം 21 വർഷം പഠിച്ച് , 40 വർഷം ജോലിചെയ്ത് പിന്നത്തെ ഏകദേശമുള്ള 10 വർഷം സുഖമായി ജീവിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. എന്തൊരു വിരോദാഭാസം.
എന്നും ലക്ഷ്യങ്ങളിലേക്കുള്ള നടത്തമാണ് ജീവിതം എന്ന് യവ്വന കാലത്തു തോന്നുമെങ്കിലും , നമ്മൾ നടക്കുന്നത് മരണത്തിലേക്കാണ് എന്നതല്ലേ യാഥാർഥ്യം. എന്ത് നേടി എന്തെല്ലാം നേടാൻ പറ്റാതായി എന്നെല്ലാം നമ്മൾ നിരന്തരം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും കണക്കെടുക്കും. എന്നാൽ നേടാത്തതു മാത്രമാവും മുൻപന്തിയിൽ.
നമ്മൾ മോഹിച്ചു മേടിച്ച കാർ, അതിൽ ഇരിക്കുന്നത് സന്തോഷം ഉണ്ടാകേണ്ട കാര്യമല്ലേ? എന്നാൽ ഒരു ബ്ലോക്കിൽ പെട്ടാൽ നമ്മൾ ആലോചിക്കാറുണ്ടോ ..സന്തോഷിച്ചു മേടിച്ച കാറിൽ കുറച്ചധികം നേരം ഇരിക്കാമല്ലോ എന്ന്. ഇല്ല. നമ്മൾ അപ്പോളേക്കും വേറെ കാറും വേറെ വാഹനവും സ്വപ്നം കണ്ടു തുടങ്ങിയിട്ടുണ്ടാകും. എപ്പോഴും നേടാത്തതാണ് സന്തോഷം നല്കാൻ പര്യാപ്തമായത്. നേടിയതൊന്നും സന്തോഷദായകമല്ല.
നമ്മൾ ഏതോ വേഗതയെ പിന്തുടരുന്നു. എന്തൊക്കെയോ നേടാനുണ്ട്. കുറഞ്ഞ സമയത്തിനുള്ളൽ കൂടുതൽ നേടുക, മറ്റുള്ളവരെക്കാൾ അധികം നേടുക, മറ്റുള്ളവരെ അസൂയപ്പെടുത്തുക, നേടിയതിനാൽ സ്വയം അഹങ്കരിക്കുക, അങ്ങനെ മുൻപോട്ട് പോയികൊണ്ടിരിക്കും.
ജീവിതത്തിലെ ഏതെങ്കിലും ഒരു നിമിഷം, ഇത്രയൊന്നും ഇല്ലെങ്കിലും ആരോഗ്യവും മനഃസമാദാനവും മതി എന്ന് ചിന്തിക്കുമ്പോളെക്ക് കാലം കുറെ കഴിഞ്ഞിട്ടുണ്ടാകും.
നമുക്ക് ഒരു നിമിഷം എല്ലാം ഒന്ന് മെല്ലെ ചെയ്താലോ. മെല്ലെ എന്നാൽ, ചെയുന്ന എല്ലാ കാര്യത്തിലും ഒന്ന് വിശദമായി ചിന്തിച്ച, പൂർണമായി ഉൾക്കൊണ്ട, ചെയ്യുന്ന ഓരോ കാര്യത്തിലും പരിപൂർണ ശ്രദ്ധയോടെ, ചെയുന്ന കാര്യത്തിലെ ഓരോ ഡീറ്റൈൽസും ആസ്വദിച്ച, അങ്ങനെ അങ്ങനെ....അങ്ങനെ....രാവിലെ എഴുനേൽക്കുന്നത് മുതൽ.... നമ്മൾ ശ്രദ്ധിക്കാത്ത നമ്മൾ ആസ്വദിക്കേണ്ടിയിരുന്ന പല കാര്യങ്ങളും നിങ്ങളുടെ വീട്ടിൽ തന്നെ ഉണ്ട് എന്ന് മനസിലാകും. ജീവിതത്തിൽ എന്തൊക്ക നമ്മൾ ശ്രദ്ധിക്കാതെ ഇരുന്നു എന്ന് മനസിലാകും .
ഒരു ട്രൈനിങ്ങിൽ ട്രെയിനർ എല്ലാവര്ക്കും ഒരു മുന്തിരി തന്നു. ആദ്യം കയ്യിൽ വെക്കാൻ പറഞ്ഞു . പിന്നെ അതിനെ നോക്കി അതിന്റെ ഭംഗി, നിറം, രൂപം ഒക്കെ ആസ്വദിക്കാൻ പറഞ്ഞു. അപ്പോഴേക്ക് വായിൽ വെള്ളം നിറയുന്നുണ്ടായിരുന്നു . അത് ഫീൽ ചെയ്യാൻ പറഞ്ഞു . കുറച്ചു കഴിഞ്ഞ അത് വായിൽ വെക്കാൻ പറഞ്ഞു. കടിക്കരുത്, കഴിക്കരുത്. വായിൽ വച്ച കുറച്ചു നേരം ഇരിക്കുക. മുന്തിരി വായിൽ വെക്കുമ്പോളുള്ള ഫീലിംഗ് ആസ്വദിക്കുക. അങ്ങനെ കുറച്ചു നേരം. പിന്നെ ഒന്ന് കടിക്കുക. അതിലെ നീര് വായിൽ പടരുമ്പോളുള്ള ശരീരത്തിന്റെ ഫീലിങ്ങ്സ് അറിയുക . അങ്ങനെ ഓരോ കടിയും രണ്ടോ മൂന്നോ മിനുട്ട് ഇടവേളകളിൽ ചെയ്യുക. ആ മുന്തിരി നിങ്ങൾ ഇറക്കുന്നത് വരെ നിങൾ കഴിക്കുന്ന പ്രക്രിയ ആസ്വദിക്കുക. ഇത്രയൊന്നും കഴിക്കുന്ന പ്രക്രിയ മുൻപ് ആസ്വദിച്ചിട്ടില്ല. നമ്മളുടെ ശരീരം നിലനിർത്താൻ കഴിക്കുന്ന സ്വാദുള്ള ഭക്ഷണം പോലും ആസ്വദിച്ചിട്ടില്ല എന്ന് അന്ന് മനസിലായി.
സാവധാനം, സമാധാനത്തോടെ ജീവിതം ആസ്വദിച്ചു ജീവിക്കുക. ജീവിതം കൂടുതൽ അർത്ഥവത്താകട്ടെ. നിറഞ്ഞു ജീവിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
*******
ഈ ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...
*******
Comments
Post a Comment