"സർ, May I Come In?"
അതാരാപ്പാ ഇത്രേം ആചാരമര്യാദ ഉള്ള ആൾ?
എൻ്റെ ഓഫീസ് മുറിയിൽ സമ്മതം ചോദിച്ചു അകത്തു വരുന്ന പതിവൊന്നും സാധരണയായി ഇല്ല.
നോക്കുമ്പോ പെണ്ണുകാണൽ രീതിയിൽ ചായ ഗ്ലാസുകൾ അടുക്കിയ ട്രേ പിടിച്ച് ചിരിച്ചു കൊണ്ട് കാൻ്റീനിൽ വന്ന പുതിയ ആളാണ്.
കൊടുങ്കാറ്റുപോലെ ചായ ഗ്ലാസ്സുകൾ ടേബിളുകളിൽ വെച്ച് പോകുന്ന യു പി ക്കാരൻ അലിക്ക് പകരക്കാരൻ.
സാധരണയായി കമ്പ്യൂട്ടറിൽ നിന്ന് തല പൊക്കാതെയാണ് ഈ ചായയും കടിയും ഒക്കെ വാങ്ങൽ ഇതിപ്പോ ഒരു മാറ്റം.
"സർ ചായ വേണ്ടേ ?"
"വേണം ടേബിളിൽ വച്ചോളു."
"ചായ ചൂടാറുന്നതിനു മുൻപ് കുടിച്ചോളൂ." ചായ ടേബിളിൽ വച്ച ശേഷം ഒരു ഉപദേശവും തന്നു.
തിരക്കുകൾക്കിടയിൽ ചായ വച്ചാലും ചിലപ്പോൾ കുടിക്കാൻ മറക്കും. ഓർമ്മ വരുമ്പോളേക്കും തണുത്ത ചായ കുടിക്കേണ്ട അവസ്ഥ ഉണ്ടാകാറാണ് പതിവ്. അയാളുടെ ഓർമപ്പെടുത്തൽ കാരണം പണി നിർത്തി അപ്പോൾ തന്നെ ചായ കുടിച്ചു.
പിന്നെ ഇതൊരു മൂന്ന് മണിക്ക് ഓഫീസിൽ ഉള്ള ഒരു സ്ഥിരം സംഭവമായി. എല്ലാ ദിവസവും എന്തെങ്കിലും ഒക്കെ അയാൾക്ക് അഭിപ്രായം ഉണ്ടാകും.
"നല്ല സുഖിയൻ ഉണ്ട് എടുക്കട്ടേ ?"
"ആയിക്കോട്ടെ ? :
ഒന്ന് എടുത്തു തരും പിന്നെ അടുത്ത ചോദ്യം "ഒന്നും കൂടി എടുക്കട്ടേ സർ?"
വേണ്ട എന്നാണ് ഉത്തരമെങ്കിൽ "നല്ലതാ സർ നല്ലോണം കഴിക്കണം." എന്നുള്ള കമന്റ് ഒക്കെ തരും.
"പഴം പൊരി ആണ് രണ്ടെണ്ണം എടുക്കട്ടെ?"
"ഒന്ന് മതി."
"കഴിച്ചോളൂ സർ ഇപ്പൊ ഉണ്ടാക്കിയത് ആണ് നല്ല ചൂടുണ്ട്."
അങ്ങനെ ഒരോ ദിവസവും ഭക്ഷണ സാധനവും ഒരു അഭിപ്രായവും എൻ്റെ ടേബിളിൽ വിളമ്പി അയാൾ പോകും.
അയാൾ എല്ലാവരോടും ഇതേ രീതിയിൽ കുശലം പറഞ്ഞു ചായയും പലഹാരവും കൊടുക്കുന്നത് ഒരു രസമുള്ള കാഴ്ചയാണ്.
ആരെങ്കിലും സർ എന്നുള്ള അയാളുടെ വിളിക്ക് തല പോക്കിയിലെങ്കിൽ "നല്ല പണി തിരക്ക് ആണ് അല്ല? ചായ മറക്കണ്ട." തുടങ്ങിയ കമൻ്റും കേൾക്കാം.
ഏറ്റവും രസകരമായ വസ്തുത ഇതെല്ലാം ഒരു ചിരിയോടെ ആണ് ചെയ്യുന്നത് എന്നാണ്. എല്ലാവരേയും ഒരു ചിരിയോടുകൂടിയെ അയാൾ സമീപിക്കൂ.
നമ്മൾ പലരോടും ഇടപെടുമ്പോൾ ഇയാൾക്ക് ഒന്ന് ചിരിച്ചൂടെ എന്ന് പല സന്ദർഭങ്ങളിലും തോന്നാറില്ലേ? ചായ തരുമ്പോളുള്ള പുഞ്ചിരിയും കമെന്റും നമ്മളിലും ഒരു ചിരി ഉണ്ടാക്കും.
പുഞ്ചിരിയോടെയുള്ള സേവനം നമുക്കും പകർത്താൻ ശ്രമിക്കാം.
അതാരാണ് സർ 🤔
ReplyDelete