#33 - ഇഥ്യം മുഖാവരണ ജീവിതം സമൂഹേ

ഇഥ്യം മുഖാവരണ ജീവിതം സമൂഹേ. സമൂഹത്തിൽ മുഖാവരണ ജീവിതം ഇങ്ങനൊക്കെയാണ് എന്ന് ചുരുക്കം. 

കൊറോണ പ്രതിരോധത്തെക്കാൾ മുഖാവരണം കൊണ്ടുള്ള വലിയ നേട്ടം നമ്മുടെ വായ് നാറ്റം നമുക്ക് തന്നെ ആസ്വദിക്കാം എന്നുള്ളതാണ്. അങ്ങനെ ദിവസം മുഴുവൻ ഉന്മേഷവാന്മാരും ഉന്മേഷവതികളും ആയിരിക്കാം. മുഖാവരണം അങ്ങനെ വായ്നാറ്റത്തിനുള്ള ഉത്തമ പ്രതിവിധിയായി. മറ്റുള്ളവർക്ക്  നമ്മുടെ വായ നാറ്റം സഹിക്കണ്ട എന്നുള്ളതും, വായ്‌നാറ്റമില്ലാത്ത ഒരു ലോകം എന്നുള്ളതും മുഖാവരണം സാധ്യമാക്കി .

ലിപ്സ്റ്റിക്ക് കമ്പനികൾ ഇനി എന്ത് ചെയ്യും? ഒരു വലിയ ചോദ്യമാണ്. ഒരു പക്ഷെ അവരുടെ വ്യാപാരം കുടിയേക്കാം, ഓരോ വട്ടവും മുഖാവരണം അഴിക്കുമ്പോൾ ലിപ്സ്റ്റിക്ക് ഇടണമല്ലോ? അങ്ങനെ അതിൻ്റെ വില്പന കൂടാനും വഴിയുണ്ട്. ട്രാന്സ്പരെന്റ് മുഖാവരണങ്ങൾ ഇതുവരെ കണ്ടില്ല, ഉണ്ടായിരിക്കും. ലിപ്സ്റ്റിക്ക് കമ്പനികൾ ലിപ്സ്റ്റിക്കിനൊപ്പം ട്രാന്സ്പരെന്റ് മുഖാവരണം കൊടുക്കുമായിരിക്കും ല്ലേ?

സാരിക്കും ഷർട്ടിനും വരെ ചേരുന്ന മുഖാവരണം കടേല് ഇണ്ടത്രെ. മുഖാവരണ വിപണിയുടെ ആഴം മനസ്സിലാക്കണമെങ്കിൽ, ഗൂഗിൾ ആശാനോട് 'മുഖാവണം ഓൺലൈൻ വില്പന' എന്ന് ഒന്ന് പരതി നോക്കാൻ പറയൂ. Allen Solley വരെ ഓൺലൈൻ വില്പനക്ക് ഇറങ്ങിയിട്ടുണ്ട്. ഷർട്ട് ചിലവാകാത്തതുകൊണ്ട് അതൊക്കെ വെട്ടിക്കുത്തി മുഖാവരണം ആക്കി എന്ന് തോന്നുന്നു . എന്തായാലെന്താ കച്ചവടം നടക്കണം. അതിപ്പോ കോണകമായാലും കുഴപ്പമില്ല അതാണ് കച്ചവട ലൈൻ.

വീട്ടുകാരും നാട്ടുകാരും അറിയാതെ വായിൽ പാൻപരാഗ്, തമ്പാക്കു തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ എപ്പോഴും വക്കാമെന്നും അതിനാൽ മുഖാവരണം 'പൊളി' ആണെന്നും ചില 'ചെത്ത്' പിള്ളേർ പറഞ്ഞത് കേട്ടു. അതിപ്പൊ എല്ലാത്തിനും ഒരു മറുവശമുണ്ടല്ലോ.

വെറ്റില മുറുക്കുന്ന ആളുകൾക്കാണ് പ്രശനം. അതും രണ്ടു തരത്തിൽ ഒന്ന് അറിയാതെ മുഖാവരണം വച്ച് തുപ്പുന്നു (എന്തായിരിക്കാം ഉണ്ടായത് എന്ന് ഊഹിക്കാമല്ലോ ) രണ്ട് 'തുപ്പരുത് തോല്പിക്കരുത് ' എന്ന മുഖ്യമന്ത്രി ഒരൂസം വൈകുന്നേരം പ്രത്യക്ഷപെട്ടപ്പൊ പറഞ്ഞ എന്തോ ഒരു സംഗതി . അതിപ്പൊ തുപ്പാൻ പാടില്ല എന്ന് മാത്രം മനസ്സിലായി . എന്തായാലും ഞാൻ കാരണം ആരെങ്കിലും തോറ്റാൽ ഒരു സങ്കടല്ലേ കുട്ടീ...

മാലപൊട്ടിക്കല്, വണ്ടി മോഷ്ടിക്കല് അതിനൊക്കെ തെളിവ് കുറയുംന്നൊക്കെ പറേണകേട്ടു. ക്യാമറയിൽ മുഖം തെളിയില്ലല്ലോ? കള്ളനെ പിടിക്കാൻ മുഖാവരണം ധരിച്ച സ്കെച്ചും ഇനി ഇണ്ടാക്കേണ്ടി വരൂലോ  അപ്പൊ?

ദേഷ്യം വന്നാൽ പല്ലുകടിക്കാനും മുഖം വക്രിച്ച് പിടിക്കാനും അങ്ങനെ കുറച്ച് മാനസിക പിരിമുറുക്കം കുറക്കാനും പറ്റും. ഓഫീസുകളിൽ പ്രത്യേകിച്ച് പ്രൈവറ്റ് സ്ഥാപനങ്ങളിൽ ഇതൊരു രസകരമായ മാനസിക വ്യായാമമായി മാറിയിട്ടുണ്ടെന്ന് ചില പരിചയക്കാരായ മാനേജർമാർ പറഞ്ഞു. പല്ലു കടിക്കുമ്പോളുള്ള ശബ്ദം മുഖാവരണം ഉള്ളതുകൊണ്ട് പുറത്തുവരാതിരിക്കില്ലല്ലോ എന്നാണവർ പറഞ്ഞത്. അനുഭവം ഗുരു എന്നാണല്ലോ?

നമ്മൾ പരിചയം കാണിക്കാൻ ചിരിക്കാറുണ്ട് ഇപ്പൊ ചിരിക്കണത് കണ്ണിൽ നോക്കി മനസിലാക്കണം. മുഖത്തെ കണ്ണും നെറ്റിയും ഒഴിച്ചുള്ള ഭാഗം എല്ലാം മൂടപെട്ടില്ലേ, അതോണ്ട് മുഖം മനസ്സിന്റെ കണ്ണാടി എന്നത് മാറ്റി കണ്ണ് മനസിന്റെ കണ്ണാടി എന്നാക്കേണ്ടിയിരിക്കുന്നു.

അങ്ങനെ അങ്ങനെ പോണൂ മുഖാവരണ കഥകള് ഇതില്ലാണ്ട് പൊറത്തെറങ്ങണ്ടട്ടോ. 

വീടിന് പുറത്തിറങ്ങുമ്പൊ ,
പൗഡർ ഇടാൻ മറന്നാലും,
ലിപ്സ്റ്റിക്ക് ഇടാൻ മറന്നാലും,
മുഖാവരണം മറക്കരുത്.

മുഖാവരണം താടിക്ക് താങ്ങായും കഴുത്തിന് തണലായും മാത്രം കൊണ്ടുനടക്കുന്നവരേ, നിങ്ങൾക്ക് കൊറോണാദി പ്രണാമം.

*******

ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...

ഇവിടെ ഞക്കുക

*******



Comments