#34 - ഹോം ലോൺ

ഹോം ലോൺ


"ഇങ്ങനെ ടാക്സ് കൊടുക്കണോ?" ഫോം 16 നോക്കി നിർവികാരനായി ഇരിക്കുന്ന എൻ്റെ പിന്നിൽ നിന്ന് കൂട്ടുകാരൻ്റെ ശബ്ദം .

"പിന്നെ എന്താ ചെയ്യാ?" നിർവികാരതയോടെ ഞാൻ ചോദിച്ചു.

"കൊല്ലം എൺപതിനായിരം രൂപ ടാക്സോ?" അവന്റെ മുഖത്ത്‌ പുച്ഛം കലർന്ന അത്ഭുദം.

"എന്നെ കണ്ടു പഠിക്ക് .ഒരു ഹോം ലോൺ എടുക്ക്, ടാക്സ്ഉം ലാഭിക്കാം സമ്പാദ്യവും ആവും"

പത്തു കൊല്ലത്തെ ജോലി കൊണ്ട് ഒന്നും സമ്പാദിച്ചില്ല എന്ന എൻ്റെ കുറ്റ ബോധത്തിൽ കുത്തിയപ്പോൾ ഉള്ളൊന്ന് പിടഞ്ഞു

"അപ്പൊ എന്താ ചെയ്യണ്ടേ?"

 "ഒന്നും വേണ്ട ഒരു വീട് മേടിച്ചാൽ മതിയെടോ?"

ആദ്യം സമ്പാദ്യമൊന്നും ഇല്ലല്ലോ എന്നായിരുന്നു പ്രശ്‍നം. അങ്ങനെ ഒരു വീട് വാങ്ങി . വീട് എന്നാൽ ഫ്‌ളാറ്റ് അതും എറണാംകുളത്ത് , അതും കാക്കനാട്. മാസക്കൂലിക്കാരൻ്റെ കൈയ്യിൽ എവിടുന്നാ ലക്ഷങ്ങൾ. സഹായവുമായി എച് ഡി എഫ് സി മുന്നിലെത്തി. ഒന്നും ആലോചിച്ചില്ല. പറഞ്ഞ സ്‌ഥലത്തെല്ലാം ഒപ്പിട്ടു.

വീടുപണിക്കാരൻ്റെ അപേക്ഷക്ക് ബാങ്കിന് എൻ്റെ ഒരു 'എസ് ',  പൈസ അവരുടെ കയ്യിൽ.

ഭഗവാൻ്റെ കൃപ കൊണ്ട് പറഞ്ഞ സമയത്ത്‌ വീട് തന്നു. ഡ്രീം ഫ്ലവർ ഹൗസിങ് പ്രോജെക്ടസ് അങ്ങനെ എന്നെ വീട്ടുടമയാക്കി .

സമ്പാദ്യത്തിലും പറയാൻ ഒരു വീടായി. അങ്ങനെ ഇരിക്കെ ഒരു ദിവസം ബാക്കി അടക്കാനുള്ള ലോൺ തുക ഒന്നു നോക്കി .

ഒന്നേ നോക്കിയുള്ളു തല കറങ്ങി . രണ്ടു കൊല്ലം അടച്ചിട്ടും, മുതൽ എടുത്ത  മുപ്പത്തിരണ്ടുലക്ഷത്തിൽ തന്നെ നില്കുന്നു. മുപ്പത്തിരണ്ടുലക്ഷം.... രണ്ടു കൊല്ലം അടച്ചു.... ഈശ്വരാ ഇതെന്താ ഇങ്ങനെ?

പലിശ കൃത്യമായി മേടിച്ചു വയ്ക്കുന്ന ബാങ്കിന്റെ സന്മനസ്യം അപ്പോൾ പിടികിട്ടി. 

 ഇനിയെന്ത് എന്ന ചോദ്യവുമായി നേരെ പോയത് ഗൂഗിൾ ആശാന്റെ  അടുത്തേക്ക്. പാർട്ട് പയ്മെന്റ്റ്, പലിശ കുറക്കൽ അങ്ങനെ രണ്ടു മനസിലാകുന്ന കാര്യങ്ങൾ കണ്ടു കിട്ടി.

പിന്നേ പാർട്ട് പേയ്മെന്റ് എന്ന കലാ പരിപാടിക്കായി പരിശ്രമം. ബോണസ് അടക്കം  എല്ലാപൈസയും അതിനായി നീക്കി വക്കുന്നു . കൊല്ലത്തിൽ ഒരു പാർട്ട് പേയ്മെന്റ് എങ്കിലും അടക്കുക എന്ന കഠിന പരിശ്രമം ആണിപ്പോൾ.

ആർ ബി ഐ റിപ്പോ നിരക്ക് കൂടുന്നതും കുറക്കുന്നതും സാദാരണകാരനായ എന്നെ എങ്ങനെ ബാധിക്കുന്നു എന്ന് ലോൺ എടുത്തപ്പോളാണ് മനസിലാക്കാനായത്. ആർ ബി ഐ പലിശ കുറച്ചാൽ ലോൺഇന്റെ പലിശ കുറയും. അപ്പൊ ഞാൻ ആ പലിശ കുറക്കാൻ അപേക്ഷിക്കും. അവിടെയുമുണ്ട് ഒരു ട്വിസ്റ്റ് അതിനും പൈസ കൊടുക്കണം, ഒരു പ്രോസസ്സിംഗ് ഫീസ്.(എന്നാൽ ബാങ്ക് തരുന്ന ഒരു സൗജന്യമുണ്ട്, പലിശ കൂടിയാൽ അവർ നമ്മുടെ ലോൺഇന്റെ പലിശ  കൂട്ടിക്കോളും. അപ്പൊ പ്രോസസിംഗ് ഫീസ് വേണ്ട). 

എൺപതിനായിരം രൂപ കൊല്ലത്തിൽ ലാഭിക്കാൻ തുടങ്ങിയ ബുദ്ധി കാരണം ഏകദേശം മുപ്പതു ലക്ഷം പലിശയും മുപ്പതു കൊല്ലവും മനസ്സമാധാനവും പോയി കിട്ടി.

എന്നെ സമ്മതിക്കണം ല്ലേ?

അടിക്കുറിപ്പ്  : മുപ്പതു കൊല്ലം അടക്കുന്ന തുക (മുതലും പലിശയും) ഫ്‌ളാറ്റിന് വിലയായി കിട്ടിയാൽ ഭാഗ്യം ഇല്ലെങ്കിൽ നിർഭാഗ്യം.

*******

ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...

ഇവിടെ ഞക്കുക

*******

Comments