#25 - വളയിട്ട കൈകൾ

വളയിട്ട കൈകൾ 

ഞാനെന്ന ജീവനെ പിടിച്ചുയർത്തിയ വളയിട്ട കൈകൾ ... അത് ആശുപത്രിയില ഒരു മുറിയിൽ നിന്ന് ആയിരുന്നു ...

അമ്മയുടെ ആ വളയിട്ട കൈകൾ എന്നെ എടുക്കാനായി വരുന്നതും കാത്ത് കരയാതെയും കരഞ്ഞും ഇരുന്ന കുട്ടിക്കാലം എനിക്കുണ്ടായിരുന്നിരിക്കും ....

ആ വളയിട്ട കൈകളുടെ താരാട്ടിൽ സുന്ദര സ്വപ്നങ്ങളിലേക്ക് വഴുതിയ
എന്റെ കുട്ടിക്കാലം...

ഉച്ചക്കുള്ള ചോറ്റുപാത്രത്തിൽ ചോറും കറിയും നിറച്ചുകഴിഞ്ഞ് സാരികൊണ്ട് പാത്രത്തിന്റെ പുറം തുടക്കുന്ന കൈകൾ...

വളയിട്ട കൈകൾ ബാഗിൽ നിന്നെടുക്കുന്ന പലഹാരത്തിനായി അക്ഷമയോടെ ആകാംക്ഷയോടെ  കാത്തിരുന്ന വൈകുന്നേരങ്ങൾ ഞാൻ ഓർക്കുന്നു...

മാസത്തിന്റെ പകുതിയാവുമ്പോൾ ആ കൈകളിലെ വളകൾ അപ്രത്യക്ഷമാവുന്നതും ശമ്പളം കിട്ടുമ്പോൾ തിരികെ വരുന്നതും സ്ഥിരം കാഴ്ച ആയിരുന്നു...

സ്നേഹത്തോടെ തലോടിയ ആ കൈകൾ തെറ്റുകളെ എന്നിൽ നിന്നും നുള്ളി ഓടിച്ചു ...

പിന്നെ ഒരുനാൾ ഒരച്ഛൻ തന്റെ മകളുടെ വളയിട്ട കൈകൾ എന്റ കൈയിൽ പിടിച്ചു തന്നു . ആ വളയിട്ട കൈകൾ സ്നേഹത്തിന്റെ പുതിയ മാനങ്ങൾ കാണിച്ചു തന്നു....

പിന്നൊരുനാൾ രണ്ടു കുഞ്ഞു വളകൾ കുഞ്ഞു കൈകളിൽ അണിയിച്ചു... 
ഒന്നല്ല രണ്ടു തവണ...

എന്നെ ഞാനാക്കിയ വളയിട്ട കൈകൾ...

അമ്മയായി ഭാര്യയായി മകളായി ...
എല്ലാ വളയിട്ട കൈകൾക്കും എന്റെ പ്രണാമം ...

*******

ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...

ഇവിടെ ഞക്കുക

*******


Comments