#24 - ബക്രീദ് ആശംസകൾ

ബക്രീദ് ആശംസകൾ

"വല്യച്ചാ , ലഡ്ഡു വേണം"

പനിയായിട്ട് ആശുപത്രിയിൽ അഡ്മിറ്റ് ആയ മൂന്ന് വയസുകാരന്റെ ആവശ്യം തള്ളിക്കളയാൻ കഴിഞ്ഞില്ല.

സമയമാണ് പ്രശ്‍നം . രാത്രി പതിനൊന്ന് മണി . തൃശ്ശൂരിലെ വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റൽ പരിസരത്ത് ലഡ്ഡു തിരയാൻ തീരുമാനിച്ചു .

വെസ്റ്റ് ഫോർട്ട് ജംഗ്ഷൻ വളവിൽ ഒരു കടയിൽ വെളിച്ചം. കട അടക്കാൻ പോകുന്നു. ഓടി കയറി. ഭാഗ്യം ലഡ്ഡു ഉണ്ട്.

"നാല് ലഡ്ഡു .ഒരു പാക്കറ്റ് കായ വറുത്തത്."

പൈസ കൊടുത്തു . ബാക്കിക്കൊപ്പം ഒരു ലഡ്ഡു. ചില്ലറ ഇല്ലാണ്ടാവും എന്ന് വിചാരിച്ചു . പക്ഷെ ബാക്കി പൈസ കൃത്യമായി ഉണ്ട് .

"ലഡ്ഡു..?"

"നാളെ ഞങളുടെ പെരുന്നാൾ ആണ് . വിരോധമില്ലെങ്കിൽ ഈ ലഡ്ഡു കഴിച്ചോളു ."

ഞാൻ ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ നിന്നു പോയി .

അദ്ദേഹത്തിന് പെരുന്നാൾ ആശംസകൾ നേർന്നു.

"ലഡ്ഡു കഴിക്കാൻ എനിക്കെന്തു പ്രശ്‍നം?"

"അല്ല ഷുഗർ വല്ലതും ഉണ്ടെങ്കിലോ എന്ന് വിചാരിച്ചു പറഞ്ഞതാ."

ജാതി മതങ്ങൾ മനുഷ്യരേക്കാൾ പ്രധാന്യം ഉള്ള ഈ കാലത്ത് താങ്കൾ ഉദ്ദേശിച്ച "ഷുഗർ" എന്താണെന്ന് എനിക്ക് മനസിലായി .

ആ ലഡ്ഡു അദ്ദേഹത്തിന്റെ മുമ്പിൽ വച്ചു തന്നെ കഴിച്ഛ്,  ചിരിയോടെ , "ഹായ് ഫ്രൂട്സ് " എന്ന പേരായ കടയിൽ നിന്നിറങ്ങി.

സുഹൃത്തേ ഞാൻ പഠിച്ച സ്കൂളുകളിലൊന്നും ജാതി മത വ്യത്യാസങ്ങൾ പഠിപ്പിച്ചിട്ടില്ല . നല്ല കുട്ടികളായി വളരണം എന്ന് മാത്രമാണ് പഠിപ്പിച്ചത് . എന്റെ അച്ഛനും അമ്മയും നല്ല കുട്ടികളുടെ ഒപ്പം കൂട്ടുകൂടണമെന്നേ പഠിപ്പിച്ചിട്ടുള്ളു .

 താങ്കളെ പോലെ  നന്മയുള്ളവർ ഇനിയും ഉണ്ടാവട്ടെ. ബക്രീദും ഓണവും ക്രിസ്തുമസും എല്ലാം ഒരേ സന്തോഷത്തോടെ ആഘോഷിക്കാൻ കഴിയുന്ന നല്ല ആളുകൾ ഉണ്ടാവട്ടെ .

ലഡ്ഡുവിന്റെ സ്വാദോടെ ഹോസ്പിറ്റൽ ലിഫ്റ്റിൽ കയറി ...

*******

ബ്ലോഗിലെ മറ്റു മഹത്തര കൃതികൾ വായിക്കണം എന്ന് തോന്നിയാൽ ...

ഇവിടെ ഞക്കുക

*******


Comments