"തെങ്ങ് കയറാൻ അറിയാമോ?"
ജോലിക്കുള്ള അഭുമുഖത്തിൽ ഈ ചോദ്യം കേട്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടി പിന്നെ ഇളിഭ്യതയോടെ പറഞ്ഞ ഉത്തരം നിങ്ങൾക്ക് ഊഹിക്കാം. ഇല്ല സാർ എന്ന് തന്നെ.
ചോദ്യം ചോദിച്ചത് ഒരു ഗുജറാത്തി കമ്പനിയുടെ തലവൻ ആണ്.
ശരിയാണ്, കേരം തിങ്ങും കേരള നാട്ടിൽ നിന്ന് വരുന്ന ഒരാൾക്ക് തെങ്ങ് കേറാൻ അറിയില്ല. നമ്മുടെ കല്പ വൃക്ഷം, തേങ്ങ നമ്മുടെ ആഹാരത്തിലെ ഒഴിച്ച് കൂടാൻ ആവാത്ത ഒന്ന് , എന്നിട്ടും തെങ്ങ് കേറാൻ അറിയില്ല.
തെങ്ങുകൾ ധാരാളമുള്ള നമുക്ക് തെങ്ങ് കയറാൻ അറിയില്ല.
കുളങ്ങളും പുഴകളും ധാരാളമുള്ള നമുക്ക് നീന്താൻ അറിയില്ല.
നമ്മുടെ എന്ന് നാം അഹങ്കരിക്കുന്ന പലതിനെക്കുറിച്ചും നമുക്ക് ഒന്നും അറിയില്ല എന്നതാണ് സത്യം.
നാം പഠിക്കുന്നതും പരിശീലിക്കുന്നതും പൈസ സമ്പാദിക്കാനാണ് ജീവിക്കാനല്ല. സമൂഹത്തിൽ ജീവിക്കാൻ ആവശ്യമായ കാര്യങ്ങൾ കൂടി സ്കൂളുകളിൽ പഠിപ്പിച്ചാൽ എത്ര നന്നായിരുന്നു.
പഠിക്കുന്നത് പൈസ സമ്പാദിക്കാനാണ് എന്നാൽ പത്താം ക്ലാസ് വരെ (പ്രാഥമിക വിദ്യാഭ്യാസം എന്ന് നമ്മൾ വിളിക്കുന്ന അവസ്ഥ), ജീവിക്കുമ്പോൾ നമ്മൾക്ക് ഏറെ അത്യാവശ്യമുള്ള, പൈസ (സമ്പാദ്യം ) എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പഠിക്കുന്നില്ല.
കായികമായ ഒരു പഠനവും നിർബന്ധിത വിദ്യാഭ്യാസത്തിൽ ഉൾക്കൊണ്ടിട്ടില്ല എന്നതും ശോചനീയമാണ്.
കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.
മാറ്റങ്ങൾ നാം തന്നെ ഉണ്ടാക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുട്ടികളെ, അനിയന്മാരെ, അനിയത്തിമാരെ നീന്താനും, തെങ്ങുകയറാനും, സമ്പാദ്യം കൈകാര്യം ചെയ്യാനും സർവോപരി സമൂഹത്തിൽ ജീവിക്കാൻ ആവശ്യമായ കാര്യങ്ങൾ പഠിപ്പിക്കുമെന്ന് തീരുമാനിച്ചാൽ ഈ വിഷയം ഒരു പരിധി വരെ തീരാവുന്നതേയുള്ളു.
Comments
Post a Comment